പച്ചക്കറി, പഴവർഗം, സുഗന്ധ വ്യഞ്‌ജനം എന്നിവയിൽ ഇന്ത്യയിൽ നിരോധിച്ച ഉഗ്ര-അത്യുഗ്ര വിഷ വിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം. കൃഷി വകുപ്പിന്റെ ‘സേഫ് റ്റു ഈറ്റ്’ പദ്ധതി പ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തൽ.
തക്കാളി, കാപ്‌സിക്കം, കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ് അത്യുഗ്ര വിഷ വിഭാഗത്തിൽപ്പെട്ട മോണോ ക്രോട്ടോഫോസിന്റെ സാന്നിധ്യം. കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്‌മീരി ഉണക്കമുളക് എന്നിവയിൽ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും തെളിഞ്ഞു. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറട്ടറിയിൽ ആയിരുന്നു പരിശോധന.
സംസ്ഥാനത്ത് 2011 മുതൽ വിൽപ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളാണ് ഇവ. മറ്റിനങ്ങളിൽ ഉഗ്ര വിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപ്പോർട്ടാണ് പുറത്ത് വന്നത്. 311 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 88 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യം. 52 പച്ചക്കറികളും 23 സുഗന്ധ വ്യഞ്‌ജനങ്ങളും 11 പഴവർഗങ്ങളും രണ്ട് ഭക്ഷ്യ വസ്തുക്കളിലും ആണ് സാന്നിധ്യം കണ്ടെത്തിയത്.
ഗുരുതരമായ അളവിലല്ല കീടനാശിനികളുടെ സാന്നിധ്യമെന്നും എന്നാൽ, കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നവയിലും ഇക്കോ ഷോപ്പുകളിലും ജൈവം ലേബലിൽ വിൽക്കുന്നവയിലും കീടനാശിനി സാന്നിധ്യം കുറവാണെന്നും കണ്ടെത്തി.
ബജി മുളക്, കശ്‌മീരി മുളക്, പുതിനയില, മുളകുപൊടി, കസൂരിമേത്തി എന്നിവയിൽ എട്ടുമുതൽ 12 വരെ കീടനാശിനികളുടെ സാന്നിധ്യം ഉള്ളത് ആശങ്കാജനകമാണ്. മിക്കയിനം കീടനാശിനികളും സംസ്ഥാനത്തിന് പുറത്ത് നിന്ന് ഉള്ളവയിലാണ്.
0 അഭിപ്രായങ്ങള്‍