യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില്‍ വന്ന ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എന്ന സ്വകാര്യ ബസിന് പിറകില്‍ കോട്ടക്കലിലേക്ക് എം സാന്റ് കയറ്റി വരികയായിരുന്ന ടോറസ് ട്രക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനിടയില്‍ ബസിന് കൈ കാണിച്ച യാത്രക്കാരി സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സംഭവ സമയത്ത് ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 6 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതില്‍ യുവതി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നത് കാണാം. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling