തോന്നയ്ക്കല്‍ സജ്ജമാണ്; നിപ സാമ്പിള്‍ പുനെയില്‍ അയച്ചതെന്തിന്?; ആരോഗ്യമന്ത്രിയെ തള്ളി ഡോ. ശ്രീകുമാര്‍

 


നിപ സാമ്പിളുകള്‍ പരിശോധനാ ഫലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍. നിപ സാമ്പിളുകള്‍ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുന്നതില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നമില്ലെന്ന് ഡോ. ശ്രീകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്തിനാണ് കീഴ് വഴക്കങ്ങള്‍ അതുപോലെ തുടരുന്നത്? നിപ പരിശോധനയ്ക്ക് സജ്ജമാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ സാമ്പിള്‍ തോന്നക്കല്‍ വൈറോളജി ലാബില്‍ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചിരുന്നു. കോഴിക്കോട്ടെ ലാബില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പകര്‍ച്ച വ്യാധി പ്രഖ്യാപനത്തില്‍ ഐസിഎംആര്‍ പ്രോട്ടോകോള്‍ പ്രകാരം ഉള്ള സാങ്കേതിക നടപടിയുടെ ഭാഗമായാണ് സാമ്പിള്‍ പൂനെക്ക് അയച്ചതെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം. എന്നാല്‍ എല്ലാം സജ്ജമായിട്ടും തോന്നക്കലിലേക്ക് സാമ്പിളെത്താത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

സാങ്കേതികം എന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രി തുടങ്ങിയത്. എല്ലാ പരിശോധനക്കും തോന്നക്കല്‍ സജ്ജമാണ്. കൂടുതല്‍ സംവിധാനങ്ങളും വരുന്നുണ്ട്.ആദ്യം അയക്കാന്‍ തീരുമാനിച്ചെന്നും പിന്നീട് അയച്ചില്ലെന്നും പത്രവാര്‍ത്ത കണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ പരിശോധന സംവിധാനത്തിലെ സാങ്കേതികത മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. വിരുദ്ധ നിലപാടിലൂടെ ആരോഗ്യ മന്ത്രിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ചികിത്സാ പ്രോട്ടോകോള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷവും ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling