ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

 



ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് വിവരം. ഇന്ന് പുലർച്ചെ ആറ് മണിയോടെ നന്ത്യാൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെയാണ് ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി വൈകി നന്ദ്യാലിലെ ഒരു ഫംഗ്ഷൻ ഹാളിലെത്തിയ ഉദ്യോഗസ്ഥർ നായിഡുവിന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അനുയായികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു.

പൊലീസും നായിഡു അനുയായികളും തമ്മിൽ ചെറിയ വാക്കേറ്റവും ഉണ്ടായി. ഇത് സംഘർഷത്തിലേക്ക് നയിച്ചു. തെളിവുകളില്ലാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് നായിഡു ആരോപിച്ചു. ശക്തമായ തെളിവുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ മറുപടി നൽകി. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്.

അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറിയിട്ടുണ്ട്. ടിഡിപിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേഷണം ഉൾപ്പെടെ പൊലീസ് തടഞ്ഞു. തന്റെ ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ടിഡിപി അധ്യക്ഷനെതിരെയുള്ള ആരോപണം. യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി രൂപീകരിച്ചതാണ് ഈ ബോർഡ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling