നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം
 കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ രോഗലക്ഷണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 2018ൽ തലച്ചോറിനെ ബാധിച്ച രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും ഉള്ളവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കുകയായിരുന്നു.

മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്. പനിയെ തുടർന്ന് ആഗസ്ത് 30 നാണ് മരുതോങ്കര സ്വദേശിയായ വ്യക്തി മരിക്കുന്നത്. 10 ദിവസത്തിന് ശേഷമാണ് മരിച്ചയാളുടെ ബന്ധുക്കളായി 3 പേർക്ക് കൂടി രോഗലക്ഷണമുണ്ടാവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling