ടെന്‍റിൽ ലഹരി വ്യാപാരം, കാവലിന് വേട്ടനായ്ക്കൾ, പൊലീസിനെയും പ്രവാസിയേയും വിറപ്പിച്ച സംഘത്തിലെ പ്രധാനി പിടിയിൽ

 താമരശ്ശേരി: അമ്പലമുക്കിൽ പ്രവാസിയുടെ വീട്ടിലെത്തിയ ലഹരി മാഫിയ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അയ്യൂബിന്റെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇറങ്ങി ഓടിയ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയ്യൂബ് മതിൽ ചാടുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരി സംഘം അയ്യൂബിൻ്റെ സ്ഥലത്ത് ടെൻ്റ് കെട്ടിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതോടെ പിടിയിലായ ക്രിമിനൽ സംഘത്തിലെ ആളുകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിൻ്റെ (38) വീട്ടിലെത്തിയ ലഹരി മാഫിയ സംഘം വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൻസൂറിൻ്റെ വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് വ്യാഴാഴ്ച അറസ്റ്റിലായ അയൂബ് ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നു. അയൂബിൻ്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ മൻസൂറിൻ്റെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ വീടിൻ്റെ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീടിൻ്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം എറിഞ്ഞും അടിച്ചും തകർത്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടരുകയായിരുന്നു.

ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പൊലീസിൻ്റെ ജീപ്പിൻ്റെ ചില്ലുകളും പ്രവാസി മൻസൂറിൻ്റെ സുഹൃത്തിൻ്റെ കാറിൻ്റെ ചില്ലുകളും ഉൾപ്പെടെ സംഘം തകർത്തു. രാത്രിയോടെ കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് എറണാകുളം സ്വദേശി ഷക്കീറിനെ പിടികൂടിയത്. വേട്ട പട്ടികളെ അഴിച്ച് വിട്ടും കല്ലെറിഞ്ഞുമാണ് സംഘം അന്ന് പൊലീസിനെയും നാട്ടുകാരെയും തടഞ്ഞത്. അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തി വരുകയാണ്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം തുടരുന്നത്. ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമായി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

കൂരിമുണ്ട എസ്റ്റേറ്റിന് സമീപത്തായി ആളൊഴിഞ്ഞ സമീപത്തായ മൂന്ന് വീട്ടുകൾ മാത്രമുള്ള സ്ഥലത്ത് ടാർപോളിൻ കൊണ്ട് ടെൻ്റ് കെട്ടിയാണ് സംഘം മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിരുന്നത്. റോട്ട് വീലർ ഇനത്തിൽപ്പെട്ട വേട്ട പട്ടികളെ ടെൻറിന് സമീപങ്ങളായി കെട്ടിയിട്ടായിരുന്ന വ്യാപാരം. സമീപത്തെ വീട്ടുകാരനായ പ്രവാസിയായ മൻസൂർ തൻ്റെ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചാണ് ലഹരി മാഫിയാസംഘം അഴിഞ്ഞാടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling