യുപിയിൽ വനിതാ പൊലീസിനെ ആക്രമിച്ച പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക് പരിക്കേറ്റതായി പൊലീസ്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയോധ്യയ്ക്ക് സമീപം സരയൂ എക്സ്പ്രസിൽ വച്ച് വനിതാ കോൺസ്റ്റബിളിനെ ചിലർ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവർ ഇപ്പോൾ ലഖ്നൗ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയ അയോധ്യ പൊലീസും പ്രത്യേക ദൗത്യസേനയും പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് രാജ് കരൺ നയ്യാർ പറഞ്ഞു.

പൊലീസ് തിരിച്ചടിച്ചതോടെ മൂന്നുപേർക്ക് വെടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അനീസ് ഖാൻ മരിച്ചു. പരുക്കേറ്റ ആസാദ്, വിഷംഭർ ദയാൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയോധ്യ പൊലീസ്. ഓപ്പറേഷനിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling