ശ്രീലങ്കയിൽ കൈയടി സിറാജിന്, മാന്‍ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി താരം

 



ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു

ഏഷ്യാ കപ്പിലെ പല മത്സരങ്ങളും കടുത്ത മഴ ഭീഷണിയിലാണ് നടന്നത്.പല തവണ മൈതാനം മൂടിയിട്ടും പിന്നീട് കവര്‍ മാറ്റിയുമെല്ലാം ഗ്രൗണ്ട് സ്റ്റാഫ് നന്നായി കഷ്ടപ്പെട്ടാണ് മത്സരം നടത്തിയത്. പ്രതികൂല കാലാവസ്ഥക്കിടയിലും ഏഷ്യാ കപ്പ് നടന്നതിന് കാരണം ഗ്രൗണ്ട് സ്റ്റാഫുകളുടെ കഷ്ടപ്പാടാണ്. ഫൈനല്‍ മത്സരം പോലും മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.

കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി വീണ്ടും കൈയടി നേടിയിരിക്കുകയാണ് സിറാജ്.5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. അതായത് ഏകദേശം നാലേകാല്‍ ലക്ഷം രൂപ. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്.

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട ബൗളിംഗ് പ്രകടനത്തോടെ ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡാണ് ഇന്നലെ സിറാജ് സ്വന്തം പേരിലാക്കിയത്.

കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിയില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. സിറാജ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി ലങ്കയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling