‘രാഹുൽ ​ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നതാണ് കോൺ​ഗ്രസി​ന്റെ ആ​ഗ്രഹം’; കെ സുധാകരൻ
 രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മത്സരിക്കരുതെന്ന സിപിഐയുടെ ആവശ്യം ഔചിത്യ കുറവ്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐയല്ലെന്നും കെ സുധാകരൻ പറഞ്ഞു.

‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നത് തെറ്റായതും അന്യായവും അധാർമികവുമായ ആവശ്യമാണ്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്നതാണ് ഞങ്ങളുടെ ആ​ഗ്രഹം. കോൺഗ്രസിന്റെ അഭിപ്രായവും ഇതാണ്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും കെ.സി വേണുഗോപാലുമായി ഈ അഭിപ്രായം പങ്കുവച്ചു’ – കെ സുധാകരൻ പറഞ്ഞു.

കെപിസിസി ആവശ്യപ്പെടുന്നതും ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നതും രാഹുൽ കേരളത്തിൽ നിന്ന് മത്സരിക്കണമെന്നതാണ്. ദേശീയതലത്തിൽ മുന്നണി ഉണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കണം എന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിപിഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ തീരുമാനം മുന്നണിയുടേതാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ സുധാകരൻ ആരുമായും തർക്കമില്ലെന്നും നല്ല സൗഹൃദത്തിലാണെന്നും വ്യക്തമാക്കി. വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ട. മുന്നണിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും കെ സുധാകരൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling