G-20 ഇനി മുതൽ ജി-21: സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍



ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡൽഹിയിൽ എത്തിയിരുന്നു.

ആഫിക്കൻ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങൾ ഉൾപ്പെട്ടതാണ് ആഫ്രിക്കൻ യൂണിയൻ. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ആഫിക്കൻ രാജ്യങ്ങൾക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഒരുക്കുന്നത്.

55 ആഫിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കൻ യൂണിയൻ. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കൻ യൂണിയന്റെ ചെയർപേഴ്‌സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയർപേഴ്‌സൺ. ജി20 കൂട്ടായ്മയിലേക്ക് ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നപക്ഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങൾക്ക് ഭാവിയിൽ വലിയ സാമ്പത്തികവളർച്ച ഉണ്ടാകുമെന്നാണ് അസൗമാനിയുടെ കണക്കുകൂട്ടൽ.

വരൾച്ച, പ്രളയം, സായുധകലാപങ്ങൾ, ഭക്ഷ്യക്ഷാമം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവയാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളും. വിഭവസമൃദ്ധമാണ് ആഫ്രിക്കയെങ്കിലും വ്യവസായവൽക്കണം ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഇന്നും അന്യമാണ്. അതുകൊണ്ടു തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങളുടെ സംസ്‌കരണം നടക്കുന്നത് പാശ്ചാത്യനാടുകളിലാണ്. ജി20 പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നപക്ഷം ജി 20 രാഷ്ട്രങ്ങൾ ആഫ്രിക്കയിൽ നിക്ഷേപമിറക്കുമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ അവിടെത്തന്നെ സംസ്‌കരിക്കപ്പെടുമെന്നുമാണ് അസൗമാനിയുടെ പ്രതീക്ഷ.

യൂറോപ്പിലേക്കുള്ള ആഫ്രിക്കൻ വംശജരുടെ അനധികൃത കുടിയേറ്റത്തിനും പരിഹാരം കണ്ടെത്താൻ ജി20-യിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്നാണ് അസലി അസൗമാനി പറയുന്നത്. തങ്ങളുടെ ജനതയ്ക്കാവശ്യമായ തൊഴിലുകൾ അവിടെ തന്നെ സൃഷ്ടിക്കുകവഴി അനധികൃത കുടിയേറ്റം ഒഴിവാക്കാനാകും. അതിനായി യൂറോപ്യൻ രാഷ്ട്രങ്ങൾ തങ്ങളുടെ യുവാക്കൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും അസൗമാനി ആവശ്യപ്പെുന്നു.

ജി20-യിലേക്കുള്ള പ്രവേശനം അടുത്ത രണ്ടു ദശാബ്ദത്തിനകം ആഫ്രിക്കയ്ക്ക് വലിയ വളർച്ച സാധ്യമാക്കാൻ സഹായിക്കുമെന്നാണ് ആഫ്രിക്കൻ യൂണിയന്റെ പ്രതീക്ഷ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling