36 കോടി രൂപയുടെ മാസ്‌ക് 13,000 രൂപയ്ക്ക് വിറ്റു; അബദ്ധം മനസിലാക്കിയതോടെ നിയമനടപടിക്കൊരുങ്ങി വൃദ്ധ ദമ്പതികൾ
 വിൽപന നടത്തിയ മാസ്‌കിന്റെ പേരിൽ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്ത് വൃദ്ധദമ്പതികൾ. 13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്. എന്നാൽ ഇതേ മാസ്‌ക് ആർട്ട് ഡീലർ വിറ്റതാകട്ടെ 36 കോടി രൂപയ്ക്കും. യഥാർത്ഥ വില മറച്ചുവെച്ചാണ് ഡീലർ മാസ്‌ക് വാങ്ങിയതെന്നാണ് വൃദ്ധ ദമ്പതികളുടെ ആരോപണം. ഫ്രാൻസിലെ നിംസിൽ നിന്നുള്ള എൺപത് വയസ്സുകാരായ ദമ്പതികളാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്

2021ൽ വീട് വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ച എൻജിൽ ആഫ്രിക്കൻ മാസ്‌ക് ദമ്പതികൾ വിൽക്കുകയായിരുന്നു. മിസ്റ്റർ Z എന്നറിയപ്പെടുന്ന ആർട്ട് ഡീലർക്ക് 129 പൗണ്ടിനാണ് (ഏകദേശം 13208 രൂപ) മാസ്‌ക് വിറ്റത്. പക്ഷേ കുറച്ച് മാസങ്ങൾക്ക് ശേഷം ആർട്ട് ഡീലർ മോണ്ട് പെല്ലിയറിൽ നടന്ന ലേലത്തിൽ 3.6 മില്യൺ പൗണ്ടിന് (ഏകദേശം 36,86,17320 രൂപ) മാസ്‌ക് വിറ്റു. ഒരു പത്രത്തിലൂടെ മാസ്‌ക് വിൽപ്പനയെക്കുറിച്ചറിഞ്ഞ ദമ്പതികൾ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്തു. മാസ്‌കിന്റെ യഥാർത്ഥ മൂല്യം മറച്ചുവെച്ചാണ് ഡീലർ മാസ്‌ക് വാങ്ങിയതെന്ന് ദമ്പതികൾ ആരോപിച്ചു.

ഗാബോണിലെ ഫാങ് ജനങ്ങൾ വിവാഹത്തിനും ശവസംസ്‌കാരത്തിനുമാണ് ഈ ആഫ്രിക്കൻ മാസ്‌ക് ഉപയോഗിച്ചിരുന്നത്. ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് അപൂർവമായി കാണുന്ന മാസ്‌ക് പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് കോടതി രേഖകൾ പറയുന്നു. ഭർത്താവിന്റെ മുത്തച്ഛൻ ആഫ്രിക്കയിലെ കൊളോണിയൽ ഗവർണർ ആയതിനാലാണ് ദമ്പതികൾ മാസ്‌ക് കൈവശം വെച്ചത്. കേസ് നിലവിൽ പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling