ഇടുക്കിയിൽ വൈദികൻ ബി.ജെ.പി അംഗത്വമെടുത്തതിൽ വിശദീകരണവുമായി ഇടുക്കി രൂപത. പാർട്ടിയിൽ അംഗത്വം എടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാലാണ് ഫാ കുര്യാക്കോസ് മറ്റത്തിന് എതിരെ നടപടി എടുത്തതെന്ന് മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ടിൽ പറഞ്ഞു.
അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്. വികാരിയുടെ ചുമതല ഉള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും ഫാ.ജിൻസ് സൂചിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും രൂപതാ നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മങ്കുവ പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസ് മറ്റം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അംഗത്വമെടുത്തതിന് പിന്നാലെ വൈദികനെ ഇടവക ചുമതലകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
0 അഭിപ്രായങ്ങള്‍