ഇരിട്ടി താലൂക്ക് ആശുപത്രി: അനസ്തെറ്റിസ്റ്റ് തസ്തിക അനുവദിക്കുന്നത് പരിഗണിക്കും മന്ത്രി വീണ ജോർജ്
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്റ്റ് തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും നിലവിൽ താൽകാലിക നിയമനം നടത്താൻ ജില്ലാതലത്തിൽ നിന്നും ക്രമീകരണങ്ങൾ സാധ്യമാണോ എന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. താൽകാലിക നിയമനത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ മന്ത്രി ഡി എം ഒയ്ക്ക് നിർദ്ദേശം നൽകി . 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ നടത്താനിരിക്കുന്ന 64 കോടി രൂപയുടെ നിർമ്മാണങ്ങളുടെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങണമെന്ന് കെ എസ് ഇ ബി പ്രൊജക്റ്റ് മാനേജറോട് മന്ത്രി നിർദ്ദേശിച്ചു. 300 സ്‌ക്വയർ ഫീറ്റ് സ്ഥലം കണ്ടെത്തിയാൽ ആശുപതിക്ക് കാരുണ്യ ഫാർമസി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, എ കെ രവീന്ദ്രൻ, വാർഡ് അംഗം കെ നന്ദനൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന, അഡീ. ഡയറക്ടർ ഡോ. വിദ്യ, അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ്, ഡിഎംഒ ഡോ എം പി ജീജ, ഡിപിഎം ഡോ. അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം രാജേഷ്, കെ എസ് ഇ ബി പ്രൊജക്ട് ഡയറക്ടർ കെ പത്മനാഭൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍