കുട്ടികളിലെ ഫോണ്‍ അഡിക്ഷൻ; രക്ഷിതാക്കള്‍ ശ്രദ്ധിക്കുക

 കുട്ടികളിലെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കുന്നതിന് BATS എന്ന രീതിയാണ് പുതിയകാലത്ത് ഉപയോഗിക്കുന്നത്.

B (Boredom)

കുട്ടികള്‍ക്ക് ബോറടിക്കുന്നു എന്ന കാരണത്താല്‍ ഒരിക്കലും അവര്‍ക്ക് ഫോണ്‍ കൊടുക്കരുത്. ബോറ ടിക്കുന്ന സമയത്താണ് കുട്ടികള്‍ കൂടുതല്‍ ചിന്തിക്കാൻ സാധ്യത എന്നും അത് അവരുടെ സര്‍ഗാത്മകത വളര്‍ത്തും എന്നും പുതിയ പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ക്ക് ബോറടിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവര്‍ക്ക് ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. അതിന് രക്ഷിതാക്കള്‍ ബോധപൂര്‍വമായ ശ്രമം നടത്തണമെന്നു മാത്രം.

വീട്ടിലെ ചെറിയ ജോലികള്‍ അവരെക്കൊണ്ട് ചെയ്യിക്കുന്നത് ഫോണിനപ്പുറം ഈ ലോകത്ത് മറ്റൊരുപാട് കാര്യങ്ങളുണ്ടെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാൻ സഹായിക്കും.കുടുംബം ഒന്നിച്ച്‌ സമയം ചെലവഴിക്കുകയും പുറത്ത് പോകുകയും ചെയ്യാം.

Alternative

ഫോണ്‍ കൊടുക്കുന്നതിനു പകരം മറ്റെന്ത് ആക്ടിവിറ്റിയാണ് അവര്‍ക്ക് നല്‍കാൻ കഴിയുക എന്ന് നോക്കണം. അവരെ പുതിയ എന്തെങ്കിലും ഭാഷ പഠിപ്പിക്കാനോ, കലാ-കായിക മേഖലയില്‍ എന്തെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അതിനായി പ്രോത്സാഹിപ്പിക്കുകയോ ചെയ്യാം. ഇൻഫര്‍മേഷൻ ഒബിസിറ്റിയുടെ ഈ കാലത്ത് ആവശ്യമുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് കുട്ടികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ പകരം എന്ത് കാര്യങ്ങളില്‍ കുട്ടികളെ എൻഗേജ് ചെയ്യിക്കാൻ പറ്റും എന്ന് കണ്ടെത്തണം. അത് ഗാര്‍ഡനിങ്ങാവാം, കളികളാവാം, ചിത്രരചനയോ, മ്യൂസിക് പഠനമോ അങ്ങനെ എന്തുമാവാം.

Time

എത്ര സമയമാണ് കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ഒരു നിശ്ചയം ഉണ്ടായിരിക്കണം. അവരുടെ ദൈനംദിന കാര്യങ്ങളെയോ പഠനത്തെയോ ബാധിക്കാത്ത തരത്തില്‍ സമയത്തിന് ഒരു പരിധി നിര്‍ണയിക്കുക. നിങ്ങള്‍ക്ക് സമയം ഇല്ല എന്നതുകൊണ്ട് അവരെ ഫോണ്‍ കൊടുത്ത് മാറ്റി ഇരുത്തരുത്. അവര്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് അവര്‍ നോക്കുന്ന കണ്ടന്‍റ് എന്താണെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും അതില്‍ ഒരു മേല്‍നോട്ടം ഉണ്ടാകുകയും വേണം.

Support and surroundings

കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും സംസാരിക്കാൻ available ആണ് രക്ഷിതാക്കള്‍ എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്. നിങ്ങളോട് എന്തും തുറന്നു പറയാൻ കഴിയും എന്ന വിശ്വാസം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല. നിങ്ങള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കാൻ ശ്രമിക്കണം.വീട്ടിലെ കാര്യങ്ങളില്‍ അവരെ ഇടപെടുത്തുകയും, അവരോട് അഭിപ്രായങ്ങള്‍ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കുകയും ചെയ്യുക.

കുട്ടികള്‍ക്ക് യോഗ, മെഡിറ്റേഷൻ പോലുള്ളവയോ വ്യായാമമോ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കുക. കായികമായി സജീവമായിരിക്കുന്നത് മുഷിപ്പ് മാറ്റുകയും ശാരീരിക-മാനസികാരോഗ്യ കാര്യങ്ങളില്‍ വികാസമുണ്ടാക്കുകയും ചെയ്യുന്നു. ഇത് അഡിക്ഷൻ നിയന്ത്രിക്കാനും ആര്‍ജ്ജവത്തോടെയിരിക്കാനും സഹായിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling