സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല; പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ




 പിഎംഎ സലാമിന് മറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുറന്നടിച്ചത്. കാസർഗോഡ് നീലേശ്വരത്ത് SYS സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിലാണ് ജിഫ്രി തങ്ങളുടെ മറുപടി.

ഇതിൽ ആരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദിത്തപെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപെട്ടവർ കടിഞ്ഞാണിടണമെന്നും അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ ഉള്ളവരെ അതിന് വേണ്ടുന്ന സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണം. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും.
അപ്പോൾ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങൾ ഉണ്ടായിട്ട്, പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുത്. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ഇപ്പോഴത്തെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. പിഎംഎ സലാമിന്റെ പരാമര്‍ശം സമസ്ത – ലീഗ് ബന്ധം കൂടുതല്‍ വഷളാക്കി. പിഎംഎ സലാം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് സെളൈ കുറ്റപ്പെടുത്തിയിരുന്നു. സമസ്തക്ക് എതിരെ രംഗത്ത് വന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.

ഇതിന് പിന്നാലെ പിഎംഎ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി തങ്ങളെ നേരിട്ട് വിളിച്ചിരുന്നു. തന്റെ പരാമര്‍ശം തെറ്റായി പ്രചരിക്കപ്പെട്ടു എന്നായിരുന്നു പിഎംഎയുടെ വിശദീകരണം. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും ഹമീദലി തങ്ങള്‍ തൃപ്തനല്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മുനവ്വറലി തങ്ങളും തയ്യാറായിട്ടില്ല. സമസ്ത -ലീഗ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിന് കാരണക്കാര്‍ സമസ്തയിലെ ലീഗ് വിരുദ്ധരാണ് എന്നാണ് പിഎംഎ സലാമിന്റെ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling