എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നൊരു ജനതയുണ്ട്, ഈ ജയം അവര്‍ക്കാണ്’: റാഷിദ് ഖാന്‍




 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ അട്ടിമറി ജയം അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് റാഷിദ് ഖാന്‍. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായാണ് ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം കരുത്ത് കാട്ടിയത്

ഒരാഴ്‌ചയ്‌ക്കിടെ മൂന്നാം ഭൂകമ്പം സ്വന്തം മണ്ണിനെ പിടിച്ചുലച്ചതിന്‍റെ ഞെട്ടിലിനിടെയാണ് അഫ്‌ഗാന്‍ താരങ്ങള്‍ ലോകകപ്പ് കളിക്കുന്നത്. ഈ കണ്ണീര്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ശേഷം സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ വാക്കുകളിലുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിലൂടെ മാത്രമാണ് സന്തോഷം ലഭിക്കുന്നത്. അടുത്തിടെ അവിടെ ഭൂചലനമുണ്ടായി. ഒരുപാട് പേര്‍ക്ക് എല്ലാം നഷ്ടമായി. ഈ ജയം അവര്‍ക്ക് സന്തോഷവും ചിരിയും നല്‍കും. ഈ വിജയം അവര്‍ക്കാണ്.

ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ വിജയമാണ്. ലോകത്തെ ഏത് ടീമിനെയും ഏത് ദിവസവും തകര്‍ക്കാനാകും എന്ന ആത്മവിശ്വാസം ഈ ജയം അഫ്‌ഗാനിസ്ഥാന്‍ ടീമിന് നല്‍കും. ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഊര്‍ജമാകും ഈ വിജയം. ക്രിക്കറ്റ് അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്.

അതിനാല്‍തന്നെ ഇംഗ്ലണ്ടിനെതിരായ വിജയം വലുതാണ്. അടുത്തിടെ ഞങ്ങള്‍ അനുഭവിച്ച ഭൂകമ്പത്തില്‍ മൂവായിരത്തിലധികം പേര്‍ മരണമടഞ്ഞിരുന്നു. ഒട്ടേറെ വീടുകള്‍ തകര്‍ന്നുതരിപ്പണമായി. അതിനാല്‍ ഈ ജയം ഞങ്ങളുടെ നാട്ടുകാരില്‍ നേരിയ ആശ്വാസവും സന്തോഷവുമുണ്ടാക്കും.

എന്തൊക്കെ സംഭവിച്ചാലും അവസാന നിമിഷം വരെ പോരാടണമെന്ന് ഞാന്‍ ഡ്രസിംഗ് റൂമില്‍ വച്ച് താരങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ കുഞ്ഞ് സ്വപ്നങ്ങളുണ്ട്’ എന്നും റാഷിദ് ഖാന്‍ മത്സര ശേഷം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling