ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
 കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്.

മഞ്ചേശ്വരം മുൻ എംഎൽഎയും ഫാഷൻ ഗോൾഡ് ചെയർമാനുമായ എംസി കമറുദ്ദീനാണ് ഒന്നാം പ്രതി. മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ രണ്ടാം പ്രതിയും കമ്പനി ഡയറക്ടർമാർ ഉൾപ്പടെ മൊത്തം 29 പ്രതികളാണ് കേസിലുള്ളത്. ബഡ്സ് ആക്റ്റ്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകൾ ചുമത്തിയാണ് കേസ്. വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിൽ നേരത്തെ പ്രതികളുടെ സ്വത്തുക്കൾ അന്വേഷണ സംഘം കണ്ട് കെട്ടിയിരുന്നു. ഇതിൻ്റെ സ്ഥിരീകരണത്തിനായി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണിപ്പോൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈം‍ബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം കൂടി തയ്യാറായിട്ടുണ്ട്. ഇതിൽ ഉന്നത അധികാരികളുടെ അന്തിമ അനുമതി ലഭിച്ചാലുടൻ കോടതിയിൽ സമർപ്പിക്കും.  


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling