സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം: ഒരാൾ അറസ്റ്റ്

 



കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സർക്കാർ കരാർ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കെ.എസ് പ്രതിമ(45)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു സുബ്രഹ്മണ്യപോറയിലെ വാടക വീട്ടിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഭർത്താവും കുട്ടിയും നാട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. ക്വാറി മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

കരാർ ഡ്രൈവറായി ജോലി ചെയ്തിരുന്ന കിരണിനെയാണ് ബെംഗളൂരു പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെ ചാമരാജനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളെ ഒരാഴ്ച മുമ്പ് പ്രതിമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നതായി ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling