പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും
 ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. 1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനാണ് തീരുമാനം.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പരിക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് നടപടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റെഡ് ക്രോസ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് ഈ ഉറപ്പ് നല്‍കിയത്. ആക്രമണങ്ങളില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം യുഎഇലെത്തി ചികിത്സ നേടാം. ഇവര്‍ക്ക് എല്ലാവിധ അത്യാധുനിക ചികിത്സയും ഉറപ്പ് നല്‍കുമെന്നും യുഎഇ പ്രസിഡണ്ട് വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര ആശ്വാസം പകരുകയെന്ന, നിലപാട് എല്ലായിപ്പോഴും യുഎഇ സ്വീകരിക്കാറുണ്ട് ഇതിന്റെ ഭാഗമായാണ് തീരുമാനം. അതിനിടെ ഗസ്സയിലെ ആശുപത്രികള്‍ ലക്ഷ്യംവെച്ചുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളെ യു.എന്‍ രക്ഷാസമിതിയില്‍ യുഎഇ അപലപിച്ചു.

അതേസമയം പാലസ്തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണം വസ്ത്രം മരുന്നുകള്‍ ഉള്‍പ്പെടെയളള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേററാന്‍ കാമ്പെയിനും യുഎഇയില്‍ പുരോഗമിക്കുകയാണ്. യുഎഇയിലെ ജനങ്ങളുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് കാമ്പെയിന്‍ നടക്കുന്നത്. ഇതിനോടകം നൂറുകണക്കിന് ടണ്‍ അവശ്യ സാധനങ്ങള്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളിലേക്ക് യുഎഇ എത്തിച്ചിട്ടുണ്ട്. യു.എ.ഇ അംബാസഡര്‍ ലെന നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling